പുനർജന്മം
പുനർജന്മം
അന്ന് പതിവിലും നേരത്തേ ഞാൻ എഴുന്നേറ്റു. എന്തോ ഒരു വല്ലായ്ക. മനസ്സിനോ ശരീരത്തിനോ.. കൃത്യമായി തിരിച്ചറിയാനാവുന്നില്ല. പതിവ് തെറ്റിച്ച് സ്നേഹം നിറഞ്ഞ ചിരിയുമായി മകൻ അടുത്ത് വന്നു. "അമ്മേ ഇന്ന് നമുക്ക് സേലത്തുള്ള വിഷ്ണൂൻറ്റെ വീട്ടിൽ പോകാം. ഉച്ചക്ക് മുൻപ് ഇറങ്ങണം". അറിയാതെ ഒരു നെടു നിശ്വാസം എന്നിൽ നിന്നും ഉതിർന്നു..ഇനി എത്ര നാൾ...
ഒരിക്കൽ വനാന്തരത്തിലുള്ള ഏകാന്തസ്ഥലത്ത് ഒറ്റപ്പെട്ടു പോയ അല്ലെങ്കിൽ ഒറ്റപ്പെടുത്തിയ ഒരു അമ്മയുടെ കഥയാണിത്..
പത്തു മക്കളിൽ അഞ്ചും ആൺമക്കൾ. എങ്കിലും ജീവിതത്തിന്റെ സായന്തനത്തിൽ തലചായ്ക്കാൻ വനം തന്നെ വേണ്ടി വന്നു. കേടായവണ്ടിയിൽ നിന്നും ഒന്ന് ഇറങ്ങി നിൽക്കാൻ പറഞ്ഞപ്പോൾ അത് ഇതിനായിരിക്കും എന്നറിഞ്ഞില്ല. കാലത്തിന്റെ ഇരുട്ടിനൊപ്പം കണ്ണിലും ഇരുട്ടുകയറിത്തുടങ്ങി. വനമാണ്..രാത്രിഞ്ചരന്മാരുടെ കാൽപ്പെരുമാറ്റം ഭീതി കൂട്ടി. എങ്കിലും സർവ്വ ദൈവങ്ങളെം വിളിച്ചു കൊണ്ട് നടന്നു. അടുത്ത് തന്നെ ഒരു ഗുഹ കണ്ടു. വെളിച്ചം തീരെയില്ല. മനുഷൃഗന്ധം മൂലം ഉപേക്ഷിച്ചുപോയ ഏതോ ഒരു ജീവിയുടെ ഗുഹയാണിതെന്ന് തോന്നി. നിലാവിൻറ്റെ അരണ്ട വെളിച്ചത്തിൽ അവിടെ കയറി കിടന്നു. വർഷങ്ങൾ പിന്നോട്ടു പോയി..തൻറ്റെ നല്ല കാലം.. പ്രീയതമൻ അടുത്തുള്ളതുപോലെ.. തളരരുത് എന്ന് പറയുന്നതുപോലെ.. ക്ഷീണം മൂലം മയങ്ങിയതും ഉറങ്ങിയതും അറിഞ്ഞില്ല. പാതിരാവിൽ എന്തോ ഒരു ആലർച്ചകേട്ടാണ് ഞെട്ടിയുണർന്നത്. നിലാവിൻറ്റെ വെട്ടത്തിൽ കുറച്ച് കാട്ടാനകൾ.. പരിചിതമല്ലാത്ത ഗന്ധം..അപകടം മണത്തതുപോലെ അവറ്റകൾ.. ഇടുങ്ങിയ വാതിലിലൂടെയാണ് അകത്ത് കടന്നത് എന്നുള്ള ആശ്വാസം മാത്രം. എങ്ങനെയോ നേരം വെളുപ്പിച്ചു. കണ്ണിലേക്ക് അരിച്ചിറങ്ങിയ സൂരൃ പ്രകാശത്തിൽ അന്ന് വരെ കണ്ടിട്ടില്ലാത്ത ഒരു പ്രതീക്ഷ..ഒരു കുളിർമ്മയായ് തണുത്ത കാറ്റടിച്ചു. നീട്ടിയൊന്ന് ശ്വാസമെടുത്തു. കാറ്റിൽ കസ്തൂരിയുടെ ഗന്ധമുളളതു പോലെ..അടുത്തുകൂടി ഒഴുകുന്ന അരുവിയുടെ കളകളാരവം ഹൃദയത്തിൽ ഒരാശ്വാസം നിറച്ചു. ഒരു പുതിയ പ്രഭാതം. അന്ന് വരെ ജീവിച്ചതെല്ലാം കഴിഞ്ഞു..ഒരു പുനർജന്മം പോലെ..ഒന്നിനെയും പറ്റി ചിന്തിക്കേണ്ട. ബന്ധങ്ങളൊന്നുമില്ല. ബന്ധങ്ങളുണ്ടെങ്കിലല്ലേ ചിന്തകളും വേദനകളും..
എന്നാൽ പുതിയ പുതിയ ചിലർ ചങ്ങാത്തവുമായി വരുന്നുണ്ട്. കടിച്ചു പിടിച്ച പഴവുമായി അണ്ണാറക്കണ്ണൻ.. അരിമണികളുമായി എറുമ്പുകൾ, തമാശകളുമായി വാനരന്മാർ, സംഗീതവുമായി കിളികൾ, മനസ്സിനെ മയക്കുന്ന ഗന്ധവുമായി പൂക്കൾ.. തളർന്നിരിക്കാൻ തോന്നുന്നില്ല. വാർദ്ധക്യത്തിൽ നിന്നും യൗവ്വനത്തിലേക്ക് വന്നത് പോലെ.. അടുത്ത് കണ്ട നീർച്ചോലയിൽ പോയി വെള്ളം കുടിച്ചു. അണ്ണാറക്കണ്ണൻ മനപൂർവം ഉപേക്ഷിച്ച് പോയ പഴം പ്രാതലുമായി. സംസാരിക്കാൻ ഒരു പാട് പേർ. കാറ്റ് വന്നു ചെവിയിൽ മന്ത്രം ഓതി. മുളകൾ നൃത്തമാടി. ചിലരൊക്കെ അനൃജീവിയെ കണ്ടതുപോലെ ഓടി ഒളിച്ചു. എങ്കിലും അതിന് കൂടുതൽ ആയുസുണ്ടാവില്ലല്ലോ.. കുറച്ചു നേരം പുഴയിൽ നീന്തിക്കളിക്കുന്ന മീനുകളുമായി സംവദിച്ചു. "കാലിൻറ്റെ വേദനയൊക്കെ എവിടെപ്പോയി "ഞാൻ അതിശയിച്ചു .ഇപ്പോ ഷുഗറുമില്ല പ്രഷറുമില്ല.. ഗുഹയൊക്കെ ഒന്ന് കയറി പരിശോധിച്ചു. ഇഴജന്തുക്കളുടെ സാനിധൃം ഒന്നുമില്ല എന്ന് ഉറപ്പിച്ചു. സന്യാസി വരൃന്മാരൊക്കെ ഇങ്ങനല്ലേ കഴിഞ്ഞത്..സ്വയം ആശ്വസിച്ചു. ആരുമില്ലാത്തവർക്ക് കൂട്ട് കൂടാൻ ഒത്തിരിപ്പേരുണ്ട്.. കണ്ടെത്തിയാൽ മാത്രം മതി. കല്ലുകളൊക്കെ കൂട്ടിയുരച്ച് തീ കത്തിച്ചു. കുറച്ച് കിഴങ്ങുകളൊക്കെ ചുട്ടു തിന്നു. എല്ലാത്തിനും എന്തൊരു സ്വാദാ.. കൃത്രിമത്വങ്ങളൊന്നുമില്ലാത്ത സ്വാദ്. സന്ധൃയായി..സൂര്യൻ കണ്ണിറുക്കി ചിരിച്ചു കൊണ്ട് പോയി. അതാ കൂട്ടിന് ചന്ദ്രൻ വന്നു പുഞ്ചിരിച്ചു. സന്ധ്യാനാമം ഒക്കെ ചൊല്ലി അങ്ങനെ ഇരുന്നു. രാത്രി എത സുന്ദരമാണ്. ഡ്യൂട്ടി മാറി എത്തുന്ന അതിധികളുടെ ശബ്ദങ്ങൾ തിരിച്ചറിയുന്ന വിനോദത്തിൽ ഏർപ്പെട്ടിരിക്കുകയാണ് ഞാൻ. ചീവീടിൻറ്റെ ശബ്ദമല്ലേ അത്..അതാ പുള്ള് ചിലയ്ക്കുന്നു. ഉറങ്ങുന്നതിനുമുൻപ് നാമം ജപിക്കുന്ന പക്ഷികളുടെ ശബ്ദം ഏതാണ്ടില്ലാതായി. ഇരപിടിക്കാൻ ശ്രമിക്കുന്ന ഏതോ ഒരുജീവിയൂടെ മുരൾച്ചയും പേടിച്ചരണ്ട് ഓടുന്ന ജീവിയുടെ രോദനവും തിരിച്ചറിഞ്ഞു. ആരാണ് ശരി ആരാണ് തെറ്റ് ഈശ്വരനുമാത്രം അറിയാം..അവറ്റയ്ക്കും ജീവിക്കണ്ടെ?? രാത്രിയിൽ മാത്രം പൂക്കുന്ന ഒരു പുഷ്പത്തിൻറ്റെ ഗന്ധം എന്നെ മത്തു പിടിപ്പിക്കുന്നു. ഞാൻ എൻറ്റെ പഴയകാലത്തിലേക്ക് ഊളിയിട്ടു . നക്ഷത്രങ്ങൾക്കിടയിലെ തിളങ്ങുന്ന ആ നക്ഷത്രത്തെ ഞാൻ കണ്ടു. എന്നെ കൈ മാടി വിളിക്കുന്നതുപോലെ..മറ്റൊരു നക്ഷത്രമായി അടുത്ത് നിൽക്കുവാൻ..പണ്ടേ അവൻ നക്ഷത്രമായിരുന്നു. അങ്ങനെയല്ലേ ഞങ്ങൾ അടുത്തത്.. ജീവിതത്തിൽ ഒറ്റയ്ക്കാക്കി പോകുമ്പോൾ ഒന്ന് പറഞ്ഞിട്ട് പോകാമായിരുന്നു. "കൂടെയിരിക്കുവാൻ കൂട്ടിനിരിക്കുവാൻ ഞാൻ മാത്രം.." നീ തന്ന ഓട്ടോഗ്രാഫിൻറ്റെ മങ്ങിയ വരികൾ ഇന്നും മനസ്സിൽ മായാതെ കിടക്കുന്നു. പുതിയ പ്രതീക്ഷകളും പുത്തൻപ്രഭാതങ്ങൾക്കുമായി... വിരസതകളില്ലാത്ത ആ ലോകത്തേക്ക് പോകുന്നതിനു മുൻപേ..ഒന്ന് തീരുമാനിച്ചു..ജീവിക്കാൻ തന്നെ..
---------------------------------------------
എന്തിൻറ്റെ പേരിലായാലും മാതാപിതാക്കളെ നിസ്സഹായാവസ്ഥയിൽ നോക്കി കാണേണ്ടി വരുന്ന എന്നെ പോലെ യുള്ള പ്രവാസികൾക്ക് വേണ്ടി ഈ കഥ സമർപ്പിക്കുന്നു. അമ്മേ,അച്ഛാ മാപ്പ്..🙏
വളരെ നന്നായി എഴുതി. ആസ്വാദ്യകരം.. നിറഞ്ഞ കണ്ണുകളോടെ മാത്രമേ വായിച്ചു പൂർത്തീകരിക്കാൻ കഴിയുള്ളു..
ReplyDelete