താതൻ ( അച്ഛൻ)
താതൻ (അച്ഛൻ)
ഒരു ചെറു മരമാർന്നു താതൻ
ഒരുപാടു ശിഖരങ്ങളുള്ളൊരു മരമാർന്നു താതൻ
ശിഖരങ്ങൾ തോറും പറന്നു നടക്കാൻ ഒരുപാട് കിളിമകളുണ്ടായിരുന്നു
നിറമുള്ള ഫലമുള്ള മരമാർന്നു താതൻ
ആരെയും വെല്ലുന്ന തടിയുള്ള താതൻ
അതുകണ്ടു കിളികൾ പല പല രൂപത്തിൽ
ചേലുള്ള കൂടുകൾ കൂട്ടി .
മഴയൊന്നു പെയ്തു,കാറ്റൊന്നു വീശി
കൂടി കിളികളെല്ലാരുമാ കൂട്ടിൽ
ഘനമുള്ള ഇടതൂർന്ന ഇലകളാൽ മരമവരെമൂടി
വീഴാതെനിന്നവർ മഴയൊന്നു കഴിഞ്ഞപ്പോൾ
പാട്ടുകൾ പാടാൻ തുടങ്ങി,കിളിമകൾ ഈണത്തിൽ പാടാൻ തുടങ്ങി
മഴയൊന്നുമാറി വെയിലൊന്നു വന്നു,വെയിലൊന്നുമാറി മഞ്ഞൊന്നു വന്നു
പാടി കിളിമകൾ തെല്ലും കുലുക്കമൊട്ടില്ലാതെ പാടി
വഴിപോക്കർ വന്നു ക്ഷീണമകറ്റാൻ തരു തൻറ്റെ തണലിൽ കിടന്നു
നന്ദി പറഞ്ഞവർ വഴി മാറി, മറുവഴി തേടിപ്പോയി
എല്ലാം കണ്ടൊരാ തരു നിന്നു ലേശം പുഞ്ചിരിയോടെ
കാലം കഴിഞ്ഞു ലതകൾ കൊഴിഞ്ഞു പ്രായവുമേറെ കഴിഞ്ഞു
ക്ഷീണിച്ചു ശിഖരങ്ങൾ ,തടിയൊന്നു വങ്ങി
കിളികൾക്കു പ്രായമാ കിളവനെ വേണ്ടാതെയായി
കിളികൾ പറന്നുപോയ് ഏകനായ് ആ വൃദ്ധ മരമൊന്നു തേങ്ങി
ഇലയില്ലാ മരമൊന്നിൽ തണലിനുപോലും ആരും വരാതെയായി
എങ്കിലും തന്നുടെ മനമെന്തെന്നറിഞ്ഞിട്ടു വന്നു
എന്നും തനിക്കൊരു കൂട്ടായിരുന്നൊരു കുളിർ തെന്നൽ മാത്രം വന്നു
തന്നുടെ പ്രിയതമ മാത്രം വന്നു
മരണം വരെ നിന്നെ പിരിയില്ലെന്നോതിക്കൊണ്ടരാ സഖിയെ പുണർന്നു
താതൻ .
കവിത#കോശി ജോൺസൺ വൈദ്യൻ (ഷാ )

Comments
Post a Comment