വഴിയമ്പലം#കഥ

# കഥ # വഴിയമ്പലം # കോശി ജോൺസൺ വൈദ്യൻ (ഷാ)

ക്യാമ്പ് ബോസ് ലൈറ്റ് ഓഫ് ചെയ്യാൻ വരുന്ന കാലൊച്ച കേട്ടാണ് കണ്ണു തുറന്നത്. ഞാൻ എവിടെയാണ് കിടക്കുന്നത്.ഇലച്ചാർത്തിൽ നിന്നൂർന്നിറങ്ങുന്ന മഞ്ഞുതുള്ളിയിൽ കൂടി കാണുന്നതുപോലെ ബങ്കു ബെഡ്ഡിൻറ്റെ അടിഭാഗം കാണാം.നാട്ടിൽ പോയിട്ട് വരുമ്പോൾ ഇത് പതിവുള്ളതാണ്. നാട്ടിലേക്ക് പോകാൻ എന്തൊരുത്സാഹമാണ്.തിരിച്ചു വരാനുള്ള സമയമടുക്കുമ്പോൾ തുടങ്ങും ഉള്ളിലൊരാന്തൽ. ആകെയുള്ള രണ്ടുമാസം എത്ര പെട്ടെന്നാണ് പോണെ. ആ..രണ്ട് വർഷത്തെ കാര്യങ്ങളെല്ലാം തീർക്കണം.അച്ഛൻറ്റെ വീഴ്ചയാണെല്ലാത്തിലും കൊണ്ടെത്തിച്ചത്.പെങ്ങളെയും ഇളയ അനിയനെം ഒരു കരക്കെത്തിക്കണം. വീട്ടിലെ കടങ്ങൾ..ഇതെല്ലാം ആർക്കു മനസ്സിലാകാൻ.ഗൾഫിൽ പണം കുഴിച്ചെടുക്കുവാണെന്നാ മോളിയുടെ വിചാരം. പൊരിവെയിലിൽ കവറോളിൽ നനഞ്ഞു കുതിർന്നുള്ള ജീവിതം.മാസാമാസം ചിലവിനയച്ചു കൊടുക്കുന്നതിൻറ്റെ ബാക്കി മിച്ചം പിടിച്ചു വേണം ഹുണ്ടി (ഫോൺ)വിളിക്കാൻ. ഇനിയെങ്കിലും ഒരു ചിട്ടിക്ക് ചേരണം.എന്തൊക്കെ നടക്കുമോ ആവോ?
മാധവേട്ടനും അരവിന്ദനും നാലു മണിക്കു തന്നെ എഴുന്നേൽക്കും.ബിലാലും ഇമ്രാനും ആറു മണിക്കു പോകാൻ അഞ്ചേമുക്കാൽ വരെ മൂടിപ്പുതച്ചു കിടക്കും.പിന്നെ ജോമോനും ഞാനും അഞ്ചു മണിക്ക്..നാളെ തൊട്ട് വീണ്ടും തുടങ്ങും കാലചക്രം പോലെ. ആർക്കും ആരെയും കേൾക്കാനോ പറയാനോ സമയമില്ല. ഓവർ ടൈം ഒക്കെ കഴിഞ്ഞു ഒരോരുത്തരും ഓരോ നേരമാകും എത്തുമ്പോൾ. 
ആകെ കിട്ടുന്ന ഒരു വെള്ളിയാഴ്ച എന്തൊക്കെ ചെയ്യണം...

അപ്പോഴാണോർത്തത് സൂസിയെപ്പറ്റി.വളരെ യാദൃശ്ചികമായാണ് പരിജയപ്പെട്ടത്.സൈറ്റിൽ വച്ചുണ്ടായൊരപകടം. അതിനെ തുടർന്ന് ഒരാഴ്ച ആശുപത്രിയിൽ കിടക്കേണ്ടി വന്നു. സ്വയം എഴുന്നേൽക്കാൻ കഴിയാതെ വരുമ്പോഴാണ് അവനവൻറ്റെ ബലഹീനത തിരിച്ചറിയുന്നത്. അല്ലാത്തപ്പോൾ എന്തൊരഹങ്കാരമാണ്. എൻറ്റെ ശക്തി,എൻറ്റെ ബലം, എന്നെക്കഴിഞ്ഞെ മറ്റൊന്നുള്ളൂ. മറ്റുള്ളവൻറ്റെ ദുഖം നമുക്കൊരു പ്രശ്നമല്ല.നാട്ടിലെ കാര്യങ്ങൾ മനസ്സിനെ അസ്വസ്ഥമാക്കി ക്കൊണ്ടിരുന്നപ്പോഴാണ് അവൾ കടന്നു വന്നത്..ഒരു നിറ പുഞ്ചിരിയുമായ്. ഏതാനും മിനിറ്റുകൾ..ഏതോ ജന്മത്തിൽ പരിജയമുള്ളതു പോലെ..ആ നന്മ നിറഞ്ഞ സ്പർശനം ,നർമ്മം കലർന്ന വാക്കുകൾ അകലങ്ങളെ നേർത്ത വരമ്പുകൾ മാത്രമാക്കി. വളരെ കുറച്ച് നിമിഷങ്ങൾ മാത്രമെ വന്നു പോകാറുള്ളൂവെങ്കിലും ഒരായിരം കാര്യങ്ങൾ ചോദിച്ചറിയും സ്വാന്തന വാക്കുകൾ ഒരു കുളിർ മഴയായി പെയ്തിറങ്ങി. ഒരാഴ്ച എത്ര പെട്ടെന്നാണ് കടന്നു പോയത്. ആകാശനീല നിറത്തിൽ മരുന്നുനിറച്ച ട്രേയുമായി കടന്നു വരുന്ന സൂസി എൻറ്റെ ഒരുപാടു ഭാരങ്ങൾ ഇറക്കി വയ്ക്കാനുള്ള ചുമടുതാങ്ങിയായി തോന്നി. ഒരു ബെഡിൽ നിന്നും അടുത്ത ബെഡിലേക്ക് ചിരിക്കുന്ന മുഖവും മധുരിക്കുന്ന സംസാരവുമായി ആശ്വാസത്തിൻറ്റെ മാലാഖ. 
ഒരിക്കൽ ഞാൻ ചോദിച്ചു. എൻറ്റെ കാര്യങ്ങൾ മാത്രമാണ് ഇതുവരെ...സൂസി  ഒന്നും പറഞ്ഞില്ല.ഒന്ന് ചിരിച്ചു. ഒരു കരയുന്ന ചിരി.ഇതു വരെ കണ്ട ആ ചിരിയുള്ള മുഖം മങ്ങുന്നതു ഞാൻ കണ്ടു. ആ മിഴികളിൽ നിന്നും രണ്ട് തുള്ളി കണ്ണുനീർ അടർന്നുവോ?ആത്മവിശ്വാസം വീണ്ടെടുത്ത ചിരിയുമായ് അവൾ പറഞ്ഞു അതൊക്കെ പിന്നീടൊരിക്കൽ. അടുത്ത ദിവസം എന്നെ ഡിസ്ചാർജ് ചെയ്തു. പുതുതായി വന്ന സിസ്റ്റർ പറഞ്ഞു ഇന്ന് സൂസി ഓഫ് ഡ്യൂട്ടി യാണെന്ന്. എന്തോ റൂമിൽ വന്നിട്ടും ആകെ ഒരു അസ്വസ്ഥത. ഉള്ളിൽ എന്തോ അറിയുവാൻ കഴിയാതെ പോയതിൻറ്റെ പരിഭവം. ഒരു പൂർണ്ണതയില്ലായ്മ. കാണുന്നതിനോടെല്ലാം ദേഷ്യം. ജോലിയിൽ ശ്രദ്ധിക്കാൻ പറ്റുന്നില്ല. ഉറങ്ങാൻ കിടന്നാൽ ആ ജലാർദ്രമായ കണ്ണുകൾ. മനസ്സമാധാനമില്ലാതെ ആ ആഴ്ച കടന്നു പോയി.അതിനൊരു പരിഹാരം തേടി ചർച്ചിൽ പോകാൻ തീരുമാനിച്ചു. പള്ളി  കഴിഞ്ഞു പുറത്തിറങ്ങി തിരിച്ചു പോരാൻ തുടങ്ങിയപ്പോൾ ആരോ വിളിക്കുന്നു. തിരിഞ്ഞു നോക്കി.തൂവെള്ള ശിരോവസ്ത്രമണിഞ്ഞ് പുഞ്ചിരിക്കുന്ന മുഖവുമായി സൂസി. മനസ്സിൽ മഞ്ഞുരുകിയതുപോലെ..ഓടിച്ചെല്ലണമെന്നുണ്ട്. ചുറ്റിനും ആൾക്കാർ..
ഒരാഴ്ചത്തെ വിശേഷങ്ങൾ പറയണമെന്നുണ്ട്.പക്ഷേ ചോദിച്ചത് വൈകിട്ട് ബർദുബായിൽ ശരവണഭവനിൽ വരാമോ എന്ന്?സമ്മതം ഒരു ചിരിയിലൊതുക്കി അവൾ മറയുന്നത് ഞാൻ നോക്കി നിന്നു. വൈകുന്നേരമാകാൻ മനസ് വല്ലാതെ കൊതിച്ചു. പിന്നീട് വെള്ളിയാഴ്ചകൾക്കായി കാത്തിരിപ്പ്. ജോലിയിൽ കാര്യങ്ങൾ ക്കെല്ലാം ഒരു പുതു ഉന്മേഷം കൈവന്നു. രണ്ട് പേരും ജീവിതത്തിൻറ്റെ കൈപ്പേറിയ അനുഭവങ്ങളും സന്തോഷങ്ങളും പങ്കിട്ടു. അപകടത്തിൽ നിന്നും രക്ഷപെട്ട ഭർത്താവിൻറ്റെ,അമ്മയെ കാണാതെ കൊഞ്ചുന്ന മകളുടെ.. എല്ലാ കാര്യങ്ങളും അവളും  ഇറക്കി വച്ചു. ഒരു നല്ല ശ്രോതാവിനെ കിട്ടിയ പ്രാസംഗികയെപ്പോലെ..  ഒരു നല്ല സുഹൃത്ത്...ഇന്നും തുടരുന്ന മനസ്സെന്ന  വഴിയമ്പലത്തിലൂടെയുള്ള യാത്ര.  ഭാരങ്ങളിറക്കിവച്ച് കടന്നു പോകുന്ന ജീവിത യാത്ര..ഇത് എത്ര നാൾ തുടരുമെന്ന് ഒരു നിശ്ചയവുമില്ല. ഒരു പക്ഷെ ഒരു തീരാ വ്യാധി..അതുമല്ലെങ്കിൽ അപ്രതീക്ഷിതമായ ഒരു പിരിച്ചുവിടൽ..ഈ വഴിയമ്പലത്തിലൂടെ ഇനി യാരൊക്കെ....

Comments

Popular posts from this blog

എന്റെ കേരളം എത്ര സുന്ദരം

ശിശുദിന സന്ദേശ കവിത മെഗാ മത്സരം

ആൾക്കൂട്ടത്തിൽ തനിയെ